തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് റൂം ഐസോലേഷന്‍ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ബാത്ത് അറ്റാച്ച്ഡായ വായു സഞ്ചാരമുള്ള മുറിയിലാണ് ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം. രോഗികള്‍ മുറിക്ക് പുറത്തിറങ്ങരുത്. വീട്ടിലുള്ളവര്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. മാത്രമല്ല, വസ്ത്രങ്ങളും കഴിക്കുന്ന പാത്രങ്ങളും സ്വയം കഴുകണം, പാത്രം, വസ്ത്രം, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം, ധാരാളം വെള്ളം കുടിക്കണം, എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം, ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കണം, ചെറുചൂടുള്ള വെള്ളത്തില്‍ തൊണ്ട ഗാര്‍ഗിള്‍ ചെയ്യണം, പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്റെ അളവ്, നാഡിയിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗലക്ഷണങ്ങളും ദിവസവും ഒരു ബുക്കില്‍ കുറിക്കണം.
ശ്വാസംമുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിത ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക എന്നിവയിലേതെങ്കിലും തോന്നിയാല്‍ ദിശ 1056, 0471-2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
‘കൊവിഡ് പോസിറ്റീവായാലും മറ്റു രോഗ ലക്ഷണങ്ങളില്ലെങ്കില്‍ റൂം ഐസൊലേഷനാണ് നല്ലതെന്ന് കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ നമ്മള്‍ തെളിയിച്ചതാണ്. ഗൃഹാന്തരീക്ഷമാണ് പലരും ആഗ്രഹിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളില്ലാത്ത കൊവിഡ്രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അത്യാവശ്യ മരുന്നും പൂര്‍ണ വിശ്രമവും കൊണ്ടു രോഗം മാറ്റാം’.
- മന്ത്രി കെ.കെ. ശൈലജ