മൂന്നാം ഘട്ട വാക്‌സിനേഷന്‍;മൂന്നു മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷത്തിലധികം പേര്‍

vaccine

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കോവിഡ് വാക്‌സിനേഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക.

നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുന്നുണ്ട്.’ഒരു മണിക്കൂറിനുള്ളില്‍ 3.5 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ 79,65,720 പേരാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും 18-44 വയസുള്ളവരാണ്. മറ്റു ദിവസങ്ങളില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെറുതാണ്’ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞു.

ഇന്നു രജിസ്റ്റര്‍ ചെയ്ത 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണ കേന്ദ്രം കണ്ടെത്തനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്‌സിന്‍ വിലയെക്കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചപ്പോള്‍ സൈറ്റ് സാങ്കേതിക തകരാര്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മെയ് ഒന്നിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വിലയില്‍ 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചിരുന്നു.