കോവിഡ് : ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പുറത്തിറങ്ങി

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ വീട്ടിലെ ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ച് കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞ്, തുടര്‍ച്ചയായ മൂന്നു ദിവസം പനിയൊന്നും ഇല്ലാത്തപക്ഷം ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഇവര്‍ക്ക് പിന്നീട് കോവിഡ് പരിശോധനയുടെ ആവശ്യമില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കൂടാതെ, പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ, ലക്ഷണങ്ങളൊന്നും ഇല്ലാത്തതും, ഓക്‌സിജന്‍ തോത് 94 ശതമാനത്തിനു മുകളില്‍ ഉള്ളതുമായ രോഗിയെ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗിയായി കണക്കാക്കാമെന്നും ശ്വാസകോശ നാളിയില്‍ പ്രശ്‌നങ്ങളുള്ളവരോ, പനിയുള്ളവരോ, ശ്വാസംമുട്ടല്‍ ഇല്ലാത്തവരോ, ഓക്‌സിജന്‍ തോത് 94 ശതമാനത്തിനു മുകളിലായതോ ആയ രോഗിയെ ലഘുവായ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗിയായി കണക്കാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഈ രോഗികള്‍ക്ക് 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ആവശ്യമാണെന്നും പരിചാരകനും ആശുപത്രിയും തമ്മിലുള്ള ആശയവിനിമയം ഹോം ഐസൊലേഷന്‍ കാലയളവില്‍ നിര്‍ബന്ധമാണെന്നും പുതുക്കിയ മാര്‍ഗരേഖ പറയുന്നു.