ഇനി പരാതികള്‍ നേരിട്ട് അറിയിക്കാന്‍ ആപ്പുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാന്‍ പിഡബ്ല്യുഡി ഫോര്‍ യു എന്ന ആപ്പ് എത്തി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. എട്ടാം തിയതി (ചൊവ്വാഴ്ച) വൈകുന്നേരം മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പില്‍ അപ്ലോഡ് ചെയ്യാം. പരാതിയുടെ തുടര്‍നടപടികള്‍ സമയങ്ങളില്‍ അറിയുന്നതിനും ആപ്പ് വഴി സാധിക്കും. നിലവില്‍, 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരമാണ് ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.ഇനി 29,000 കിലോമീറ്ററോളം റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നതെന്നും ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം ഫോണ്‍ഇന്‍പ്രോഗ്രാമിലൂടെ അഭിപ്രായം കേള്‍ക്കുകയും പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്നു. വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കാന്‍ ആപ്പ് സഹായിക്കും.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.