ക്ലബ്ബ് ഹൗസ് മുന്‍നിരയിലേക്ക്

കൊല്ലം: വാട്‌സാപ്പിനേയും ഫേസ്ബുക്കിനേയും ട്വിറ്ററിനേയും മറികടന്ന് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരുവര്‍ഷമായി ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയതോടെയാണ് ക്ലബ്ബ്ഹൗസ് മുന്‍പന്തിയിലെത്തിയത്. 2020ല്‍ ഇന്ത്യക്കാരനായ റോഹന് സേത്തും അമേരിക്കന്‍ ഹൈലൈറ്റ് എന്ന സോഷ്യല്‍മീഡിയ സംരംഭത്തിന്റെ ഉടമയായ പോള്‍ ഡേവിഡ്‌സണും ചേര്‍ന്നാണ് ക്ലബ്ബ് ഹൗസ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത്. മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്തമായി ഓഡിയോ രൂപത്തില്‍ ആശയവിനിമയം നടത്താം എന്നതാണ് ഈ കുഞ്ഞന്‍ ആപ്പിന്റെ പ്രത്യേകത. കുറച്ച് ആളുകള്‍ ചേര്‍്ന്ന് ഒരു വിഷയത്തെ ആസ്പദമാക്കി ഒരു മുറിയില്‍ നടക്കുന്ന സംസാരത്തെ അതേപടി വെര്‍ച്വല്‍ ലോകത്തേക്ക് പറിച്ചു നടുകയാണ് ക്ലബ്ബ് ഹൗസ് ചെയ്യുന്നത്. ഒരു സമയം 5000 പേരെ വരെ ഒരു റൂമില്‍ ഉള്‍പ്പെടുത്താം. പ്രശസ്ത വിഷ്വല് ആര്ടിസ്റ്റും സോഷ്യല് ആക്ടിവിസ്റ്റുമായ ഡ്രൂ കറ്റോഗയാണ് ക്ലബ്ബ്ഹൗസിന്റെ ഐക്കണ്‍ ചിത്രമായി നല്കിയിട്ടുള്ളത്. അതിവേഗത്തില്‍ തരംഗമായ ക്ലബ്ബ്ഹൗസില്‍ ചില അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. നിലവില്‍ ക്ലബ്ബ്ഹൗസില്‍ റൂം ഉണ്ടാക്കിയാല്‍ അത് തീര്‍്ത്തും ലൈവാണ്. അതില്‍ പറയുന്ന കാര്യങ്ങള് റെക്കോഡ് ചെയ്യാന് സാധ്യമല്ല.