രണ്ടാം കോവിഡ് പാക്കേജ് കാപട്യം; ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം ആരോപിച്ചു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ഒരു മണിക്കൂർ ബജറ്റ് പ്രസംഗം പൂർത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങൾ കുത്തിനിറക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമായിരുന്നു. ഭരണഘടന അനുസരിച്ച് ആന്വൽ ഫിനാൻഷ്യൽ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഉത്തേജന പാക്കേജ് ജനങ്ങളോടുള്ള വഞ്ചനയാണ്. കരാറുകാരുടെ പണവും പെൻഷനും കൊടുക്കാനാണ് പണം നീക്കിവെച്ചതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും വി ഡി സതീശൻ ആരോപിച്ചു. ബജറ്റിലെ സാമ്പത്തിക കണക്കുകളിൽ അവ്യക്തതയുണ്ട്. 1,715 കോടി രൂപയുടെ അധിക ചെലവെന്ന് പറയുകയും 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അധിക ചെലവല്ലേയെന്ന് അദ്ദേഹം ചോദിച്ചു. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല. ഫലത്തിൽ റവന്യൂ കമ്മി 37,000 കോടിയാകുമെന്നും ഇക്കാര്യം രേഖകളിൽ നിന്നും മറച്ചുവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.