ബ്ലാക്ക് ഫംഗസ് : ആശങ്ക പടരുന്നു

black fungus

കൊല്ലം: ബ്ലാക്ക് ഫംഗസ് ബാധ ജില്ലയില്‍ സ്ഥിരീകരിച്ചതോടെ ആശങ്ക പടരുന്നു. പൂയപ്പള്ളി സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന രോഗം പകരില്ല. എന്നാല്‍ രോഗം ഗുരുതരമായാല്‍ കാഴ്ച നഷ്ടമാവുകയും കണ്ണ് നീക്കം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. രോഗത്തെ ചെറുക്കാന്‍ പ്രമേഹം നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, ഇമ്യൂണോമോഡുലേറ്റിംഗ് മരുന്നുകളുടെ ഉപയോഗം നിറുത്തുക എന്നിവ പ്രധാനമാണ്.

രോഗലക്ഷണങ്ങള്‍

  1. മൂക്കടപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്
  2. വേദനയോടെ മങ്ങിയ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച
  3. മൂക്കിന് ചുറ്റുമുള്ള വേദനയും ചുവപ്പും
  4. കറുപ്പ് രക്തനിറത്തില്‍ മൂക്കൊലിപ്പ്
  5. കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ നീര്
  6. തലവേദന
  7. ശരീര വേദന
  8. ചുമ, ഛര്‍ദ്ദി
  9. നെഞ്ചുവേദന
  10. താടിയെല്ല്, മുഖം എന്നിവിടങ്ങളില്‍ വീക്കം അല്ലെങ്കില്‍ വേദന
  11. ചര്‍മ്മം കറുത്ത നിറമാകുക