ബിജെപി സംസ്ഥാനകോര്‍ കമ്മിറ്റി യോഗത്തിന് വിലക്ക് : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം പൊലീസ് വിലക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി കുമ്മനം രംഗത്തെത്തിയത്. കൊച്ചിയിലെ ഹോട്ടലില്‍ കോര്‍ കമ്മിറ്റി യോഗം ചേരാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നും. ഒരുക്കങ്ങളും നടത്തി എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് വിലക്കി, കീഴ് വഴക്കങ്ങള്‍ ലംഘിയ്ക്കുന്നു. മൗലികാവകാശങ്ങള്‍ ലംഘിയ്ക്കുന്നു. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു. വളഞ്ഞിട്ട് ആക്രമിയ്ക്കുന്നു. പാര്‍ട്ടിയുടെ അടിത്തറ എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.കൊടകര കുഴല്‍പ്പണകേസില്‍ കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിയ്ക്കാനും അപഹാസ്യനാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.പാര്‍ട്ടിയെ അവഹേളിച്ച് കരിതേച്ച് നശിപ്പിയ്ക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ കുഴല്‍പ്പണത്തേക്കുറിച്ച് ചോദിയ്ക്കാന്‍ കോടിയേരിയ്ക്ക് ധാര്‍മ്മികമായി അവകാശമില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.അതേസമയം, ബിജെപി കോര്‍ കമ്മിറ്റി യോഗം നടക്കാനിരുന്ന കൊച്ചിയിലെ ബി.ടി.എച്ച് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി. യോഗത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുന്നതിനിടെയായിരുന്നു നടപടി.