ബാര്‍ ഉടമകളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: ബാര്‍ ഉടമകളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും മറ്റു ചില ആവശ്യങ്ങളുന്നയിച്ചും മദ്യത്തിന്റെ പാര്‍സല്‍ വില്പനയില്‍ നിന്ന് ബാറുടമകള്‍ വിട്ടു നില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ ഇന്നലെ ബിവറേജസ് കോര്‍പറേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍് ഒത്തുതീര്‍പ്പ് സാദ്ധ്യത തെളിഞ്ഞെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒന്നരമാസമായി ലോക്ക്ഡൗണിന്റെ പേരില്‍ ബാറുകള്‍ അടഞ്ഞുകിടക്കുകയാണ്. ബാറുകളില്‍ ഇരുന്നു കഴിക്കാനുള്ള അനുമതി നല്‍കാനിടയുണ്ട്. അങ്ങനെ വന്നാല്‍ റീട്ടെയ്ല്‍ വില നിശ്ചയിക്കാനുള്ള അവകാശം ബാറുകള്‍ക്ക് തിരിച്ചുകിട്ടും.അതേസമയം, വെയര്‍ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നത് നഷ്ടം വര്‍ദ്ധിപ്പിക്കുമെന്ന നിലപാടിലാണ് ബിവറേജസ് കോര്‍പറേഷന്‍.എട്ടു ശതമാനമായിരുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ കണ്‍സ്യൂമര്‍ഫെഡിന് 20 ആയും ബാര്‍ഹോട്ടലുകള്‍ക്ക് 25 ശതമാനമായുമാണ് കൂട്ടിയതിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ ബാറുകള്‍ അടച്ചത്.