അയോധ്യയില്‍ പ്രതിഫലിക്കേണ്ടത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വമാണെന്ന് പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: അയോധ്യയില്‍ പ്രതിഫലിക്കേണ്ടത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രധാനമന്ത്രി അയോധ്യയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്.

”അയോദ്ധ്യ നഗരത്തിന്റെ മാനുഷിക ധാര്‍മ്മികത ഭാവിയിലെ നൂതന സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം, ഇത് വിനോദ സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനകരമാണ്. ജീവിതകാലത്ത് ഒരിക്കലെങ്കിലും അയോദ്ധ്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വരും തലമുറകള്‍ക്ക് അനുഭവപ്പെടണം, ”അയോദ്ധ്യ വികസന പദ്ധതി അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.അയോദ്ധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യകരമായ പൊതുജന പങ്കാളിത്തത്തോടെ, പ്രത്യേകിച്ച് യുവാക്കള്‍ നയിക്കണമെന്നും നഗരത്തിലെ ഈ വികസനത്തില്‍ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലഖ്‌നൗവില്‍ ഒരു അംബേദ്കര്‍ സ്മാരകം പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, കോണ്‍ഗ്രസിന്റെ ബ്രാഹ്മണ മുഖമായ ജിതിന്‍ പ്രസാദയെ കൂടി ഒപ്പം ചേര്‍ത്ത് ക്ഷേത്രനഗരമായ അയോദ്ധ്യയുടെ നവീകരണം മുന്നോട്ടു കൊണ്ടുപോകുകയാണ്.
അയോധ്യയുടെ വികസനത്തില്‍ ആധുനികവല്‍ക്കരണം, റോഡുകള്‍, അടിസ്ഥാന സൌകര്യങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങി ഒട്ടനവധി പദ്ധതികള്‍ ഉള്‍പ്പെടുന്നു. എല്‍ഇഎ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് അയോദ്ധ്യ വികസന അതോറിറ്റിയുടെ സഹായത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കി.