തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല, ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് വിളിച്ച ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മേയര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്‌കൂള്‍ അധ്യാപക- രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് കൃത്യമായ കണക്ക് എടുക്കണം. ജൂലായ് 15 നകം ഇത് പൂര്‍ത്തിയാക്കണം.
സ്‌കൂളുകള്‍ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ക്രോഡീകരിക്കും. ജൂലൈ 21 നകം ജില്ലാതലത്തില്‍ ഇവ ക്രോഡീകരിക്കുകയും പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.