ലെജിസ്ളേറ്റീവ് കൗൺസിൽ രൂപീകരിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ; എതിർപ്പുമായി ബിജെപി

കൊൽക്കത്ത: ലെജിസ്ളേറ്റീവ് കൗൺസിൽ രൂപീകരിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. ഇതിനായുള്ള പ്രമേയം നിയമസഭ പാസാക്കി. ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് ബംഗാൾ നിയമസഭ പ്രമോയം പാസാക്കിയത്.

265 എം.എൽ.എമാരുള്ള നിയമസഭയിൽ 196 പേരും ലെജിസ്ളേറ്റീവ് കൗൺസിൽ വേണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 69 പേർ ആവശ്യത്തെ എതിർത്തു. ഉപതെരഞ്ഞെടുപ്പ് നടത്താത്തെ മമതാ ബാനർജിയെ നിയസഭയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ലെജിസ്‌ളേറ്റീവ് കൗൺസിൽ രൂപവത്കരണ നീക്കത്തിന് നിയമസാധുതയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പശ്ചിമബംഗാളിന് മുൻപ് ലെജിസ്‌ളേറ്റീവ് കൗൺസിൽ ഉണ്ടായിരുന്നു. 1969-ൽ അന്നത്തെ ഇടതുസർക്കാരാണ് ഈ സംവിധാനം റദ്ദാക്കിയത്. ലെജിസ്‌ളേറ്റീവ് കൗൺസിൽ പുനഃസ്ഥാപിക്കുമെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്.

ലെജിസ്‌ളേറ്റീവ് കൗൺസിൽ രൂപീകരിക്കണമെങ്കിൽ ഗവർണറുടെ ശുപാർശയും പാർലമെന്റിന്റെ ഇരുസഭകളുടെയും അനുമതിയും വേണം. രാഷ്ട്രപതിയാണ് ലെജിസ്‌ളേറ്റീവ് കൗൺസിലിന് അന്തിമ അനുമതി നൽകേണ്ടത്. ലെജിസ്‌ളേറ്റീവ് കൗൺസിലിന് അനുമതി ലഭിച്ചില്ലെങ്കിൽ അത് മമതാ ബാനർജിയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ മമതാ ബാനർജി പശ്ചിമ ബംഗാൾ നിയമസഭാംഗമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ, സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനകം നിയമസഭാംഗത്വം നേടണം. ഒക്ടോബറിലാണ് മമതയുടെ ഈ ആറുമാസ കാലാവധി അവസാനിക്കുന്നത്.

ലെജിസ്‌ളേറ്റീവ് കൗൺസിൽ നടപ്പിലാക്കാനായാൽ മമതെ ബാനർജിയെ നാമനിർദേശം ചെയ്യാൻ കഴിയും. ഇതോടെ തെരഞ്ഞെടുപ്പ് വൈകിയാലും മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തന്നെ തുടരാൻ കഴിയും.