തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണ്ണക്കടത്ത് കേസിൽ എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഫേസ് ബുക്ക് ലൈവിലൂടെയാണ് സ്വപ്‌ന ആരോപണങ്ങൾ ഉന്നയിച്ചത്.
30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന പറയുന്നു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റർവ്യൂ എന്ന പേരിലാണ് വിളിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ബംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താൻ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണമെന്നും ഇയാൾ ആവശ്യപ്പെട്ടുന്നുവെന്ന് സ്വപ്‌ന വെളിപ്പെടുത്തി.
തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്‌പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്നും ഇയാൾ ഉറപ്പു നൽകിയിരുന്നു. ഗോവിന്ദൻ മാസ്റ്റർ തന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് തന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് തന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമാണെന്നും ഇയാൾ പറഞ്ഞുവെന്നും സ്വപ്‌നാ സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

