കേസിൽ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നു; ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് എം ശിവശങ്കർ

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. കേസിൽ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ശിവശങ്കർ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചികിത്സാ കാരണങ്ങളും അദ്ദേഹം ജാമ്യാപേക്ഷ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് പങ്കുണ്ടെന്ന വിവരങ്ങൾ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതുസംബന്ധിച്ച മൊഴികൾ ഇഡിയ്ക്ക് ലഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. സ്വപ്നയുടെയും ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസിന്റെയും മൊഴികളാണ് രവീന്ദ്രനെ കുരുക്കിലാക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ചർച്ചകളിലും തീരുമാനങ്ങളിലും ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കാളിയായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് താൻ ധാരണാപത്രം ഒപ്പുവെച്ചതെന്ന് യു വി ജോസും ഇഡിയ്ക്ക് മൊഴി നൽകി. രവീന്ദ്രന്റെ ഇടപെടൽ വ്യക്തമാക്കുന്ന നിർണായക ഡിജിറ്റൽ തെളിവുകളും ഇഡിയുടെ പക്കലുണ്ട്. കേസിൽ വീണ്ടും രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.