മരുന്ന് മാറി നല്‍കി, രോഗി വെന്റിലേറ്ററില്‍; സംഭവം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിയുള്ള ചുമയുടെ മരുന്ന് നല്‍കിയതിനാല്‍ രോഗി അബോധാവസ്ഥയില്‍. ചാലക്കുടി പോട്ട സ്വദേശി അമലിനാ(25)ണ് മരുന്ന് മാറി നല്‍കിയത്. അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

അതേസമയം, ഡോക്ടര്‍ എഴുതി നല്‍കിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. ഇതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐസിയുവിലേക്ക് രോഗിയെ മാറ്റുകയായിരുന്നു.

ബൈക്ക് അപകടത്തെത്തുടര്‍ന്ന് കൈകാലുകള്‍ ഒടിഞ്ഞ് ഒരു മാസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന് അമല്‍ അസുഖം ഭേദമായതിനാല്‍ വീട്ടിലേക്ക് പോകാനിരിക്കുവായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.