ബ്രഹ്മപുരം ദുരന്തം: ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിമര്‍ശിച്ചു.

‘ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണ്? മാലിന്യസംസ്‌ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയില്‍ കാണുന്നത്. വൈക്കം വിശ്വന്റെ കുടുംബത്തിന്റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാണ്. ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകു വരുമെന്ന് കോവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹം എവിടെപ്പോയി എന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തട്ടെ. രണ്ടു ദിവസം കൊണ്ട് തീ കെടുത്തും എന്ന് നിയമസഭയില്‍ പറഞ്ഞ തദ്ദേശമന്ത്രിയും പുകമറയില്‍ ഒളിച്ചു. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അഴിമതിയുടെ മാലിന്യം കവര്‍ന്നെടുക്കുന്നത്. ആമസോണ്‍ കാടുകളിലെ തീപിടുത്തത്തിനെതിരെ ഡല്‍ഹിയല്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ അധികാരക്കസേരയിലിരിക്കുമ്പോളാണ് കേരളത്തിന് ശ്വാസംമുട്ടുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബ്രഹ്മപുരം പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി. ‘നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ നഗരത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീ പിടിച്ച് ജനങ്ങള്‍ ശ്വാസം മുട്ടി കഴിയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. പഴയ വിജയനോ പുതിയ വിജയനോ ഇടപെട്ട് ജനങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ചാരമാണ് ബ്രഹ്മപുരത്ത് കെടാതെ എരിയുന്നത്. വിഷപ്പുക ശ്വസിപ്പിച്ച് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കിയ ഇടത് വലത് നേതാക്കളെ എന്ത് ചെയ്യണം? ഉത്തരവാദികളായ ഒരാള്‍ക്ക് പോലും ഇതിന് മറുപടി പറയേണ്ടി വരില്ല. എല്ലാവരും കൈകഴുകി കഴിഞ്ഞു. എല്ലാത്തിനും ഉത്തരവാദി കളക്ടര്‍ മാത്രമാണ്’- അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു..