സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗ്ലിസറിൻ. ഇന്ന് വിപണിയിൽ ലഭ്യമായ ഭൂരിഭാഗം സൗന്ദര്യവർധക വസ്തുക്കളിലും ഗ്ലിസറിന്റെ സാന്നിധ്യം ഉണ്ട്. ചർമ്മ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനുള്ള കഴിവ് ഗ്ലിസറിനുണ്ട്.
വേനൽക്കാലത്ത്, ചർമ്മം പലപ്പോഴും തവിട്ടുനിറമാകും. അത്തരമൊരു സാഹചര്യത്തിൽ ഗ്ലിസറിൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഗ്ലിസറിൻ നിറം വർധിപ്പിക്കുന്നതിനും സഹായിക്കും. ഗ്ലിസറിൻ ദിവസവും ചർമ്മത്തിൽ പുരട്ടുന്നത് പുറംതൊലിയിലെ നിറം മെച്ചപ്പെടുത്തുന്നു. കറുത്ത പാടുകൾ, പിഗ്മെന്റേഷൻ എന്നിവ നീക്കം ചെയ്യാനും ഗ്ലിസറിൻ സഹായിക്കുന്നു.
ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ് ഗ്ലിസറിൻ. ഇത് ഈർപ്പം നൽകി ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചർമ്മത്തിലെ ചൊറിച്ചിൽ, വരൾച്ച എന്നിവ നീക്കം ചെയ്യുകയും ചെയ്യുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയതിന് ശേഷം വെള്ളം മുഴുവൻ ഒപ്പിയെടുത്ത് ഗ്ലിസറിനിൽ മുക്കിയ പഞ്ഞി കൊണ്ട് മുഖം തുടയ്ക്കുന്നത് വളരെ നല്ലതാണ്.
മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ഗ്ലിസറിനും തേനും ചേർത്ത മിശ്രിതം നല്ലതാണ്. മുട്ടയുടെ വെള്ളയും ഗ്ലിസറിനും ചേർന്ന മിശ്രിതം മുഖത്തിന് തിളക്കം നൽകും. വരണ്ട ചർമമുള്ളവർ ദിവസവും ഗ്ലിസറിൻ അൽപം വെള്ളവും ചേർത്ത് കൈകാലുകളിൽ പുരട്ടുന്നതും പ്രയോജനപ്രദമാണ്.

