ബര്‍മ്മിംഗ്ഹാം: ആള്‍ ഇംഗ്‌ളണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ വനിതാ താരം പി.വി സിന്ധു പുറത്തായി.
ചൈനയുടെ ഷാംഗ് ഇ മാനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. 39 മിനിട്ടുമാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ : 17-21,11-21. ഈ വര്‍ഷം ഇത് മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്താവുന്നത്.
അതേസമയം മലയാളി താരം ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്ന സഖ്യം വനിവാ ഡബിള്‍സില്‍ തങ്ങളുടെ മുന്നേറ്റത്തിന് തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം ഇവിടെ സെമിഫൈനല്‍ വരെയെത്തി വിസ്മയം സൃഷ്ടിച്ച ട്രീസയും ഗായത്രിയും ഇക്കുറി ആദ്യ റൗണ്ടില്‍ ഏഴാം സീഡുകളായ തായ്ലാന്‍ഡിന്റെ ജോംഗോല്‍ഫാന്‍- രവിന്ദ സഖ്യത്തെ 21-18 21-14നാണ് തോല്‍പ്പിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ഇവര്‍ ജപ്പാന്റെ യുകി ഫുകുഷിമ – സയാക ഹിരോട്ട സഖ്യത്തെ നേരിടും. പുരുഷ സിംഗിള്‍സില്‍ ഇന്ന് മലയാളി താരം എച്ച്.എസ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ അന്തോണി ജിന്റിംഗിനെ നേരിടും.

