കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്. ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാർ കൺസ്ട്രക്ഷൻസുമായി ബ്രഹ്മപുരത്ത് നഗരസഭയുണ്ടാക്കിയ മാലിന്യ സംസ്‌കരണ കരാർ രേഖയാണ് പുറത്തുവന്നത്. തീപിടിത്തമുണ്ടായാൽ ഉത്തരവാദിത്വം കോർപറേഷനാണെന്നാണ് കരാറിൽ വ്യക്തമാക്കുന്നത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാൽ എല്ലാ ഉത്തരവാദിത്വവും കോർപറേഷനാണെന്നും കരാർ ചൂണ്ടിക്കാട്ടുന്നു.
പ്ലാന്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്ത് തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ മാത്രമേ കരാറുകാരന് ഉത്തരവാദിത്വമുള്ളൂ. തൊഴിലാളികൾക്ക് അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത കരാറുകാരനാണെന്നും രേഖയിൽ വിശദമാക്കുന്നു.
പ്ലാന്റുകൾക്ക് ചുറ്റും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്കാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിനകത്തേക്ക് തീ പടർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ കെടുതികളുടെ ഉത്തരവാദിത്വത്തിൽനിന്ന് കരാറുകാരന് കൈയൊഴിയാൻ കഴിയുമെന്നാണ് രേഖ ചൂണ്ടിക്കാട്ടുന്നത്. ബാധ്യത മുഴുവൻ കൊച്ചി കോർപറേഷനായിരിക്കുമെന്നും രേഖ വ്യക്തമാക്കുന്നു.
ബ്രഹ്മപുരത്ത് പ്രധാനമായുമുള്ളത് രണ്ട് കരാറുകളാണ്. സ്റ്റാർ കൺസ്ട്രക്ഷൻസുമായുള്ള മാലിന്യ സംസ്‌കരണ കരാർ, ബയോമൈനിങ്ങിന് സോണ്ട ഇൻഫ്രാടെക്കുമായുള്ള കരാർ തുടങ്ങിയവയുമായാണ് കരാർ.

