ചെന്നൈ: പ്ലാറ്റിനം ജൂബിലി സമ്മേളന നഗരിയായ ചെന്നൈയില്‍ പ്രവര്‍ത്തകരെ എത്തിക്കാനായി ട്രെയിന്‍ വാടകയ്‌ക്കെടുത്ത് മുസ്ലീം ലീഗ്. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉള്ളത്.
അതേസമയം, 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ട്രെയിന്‍ വാടകക്ക് എടുത്തിരിക്കുന്നത്. 17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവര്‍ത്തകരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകള്‍ എന്നിവയാണ് ചാര്‍ട്ടേഡ് ട്രെയിനിലുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പുറപ്പെടുന്ന ട്രെയിനിന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുള്ളത്. 1416 പ്രവര്‍ത്തകര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം.
നാളെ രാവിലെയോടെ ട്രെയിന്‍ ചെന്നൈ എഗ്മോറിലെത്തും. ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ പ്രവര്‍ത്തകരെ സമ്മേളന നഗരിയായ രാജാജി ഹാളില്‍ എത്തിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ 30 ബസുകളാണ് ഇതിനായി ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11ന് ഇതേ ചാര്‍ട്ടേഡ് ട്രെയിന്‍ തിരിച്ച് പ്രവര്‍ത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.

