മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 15 വരെ മുത്തങ്ങ, തോല്‍പ്പെട്ടി കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരം നിരോധിച്ചു

കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 15 വരെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു.

വയനാട്ടില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ വന്യജീവി സങ്കേതത്തില്‍ കാട്ടു തീ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിലെ നിരവധി പ്രദേശങ്ങളില്‍ സമീപ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നു.

അതിനാല്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരം വന്യജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ സുരക്ഷിത്വത്തിന് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനോദസഞ്ചാരം താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.