തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കെപിസിസി ഭാരവാഹി യോഗത്തിൽ രൂക്ഷവിമർശനം. കൊടിക്കുന്നിൽ സുരേഷാണ് വിമർശനവുമായി രംഗത്തെത്തിയത്. പുനഃസംഘടന വൈകുന്നതിലും ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് ആശങ്ക രേഖപ്പെടുത്തി.
വർക്കിംഗ് പ്രസിഡന്റായ താൻ പോലും ഒന്നും അറിയുന്നില്ല. ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്ന് അദ്ദേഹം ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളന തീരുമാന പ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.
സംവരണം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പുനസംഘടന അനന്തമായി വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരന്റെ നിലപാട്. ഭാരവാഹികൾ പ്രശ്‌നപരിഹാരത്തിന് കൂടുതൽ മുൻകയ്യെടുക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

