തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് ഇതില്‍ പ്രത്യേക ഊന്നല്‍ നല്‍കുകയും ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷന്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക വൈജ്ഞാനിക പദ്ധതിയായ ‘തൊഴിലരങ്ങത്തേക്ക്’-ന്റെ ഭാഗമായി തൊഴില്‍ ലഭിച്ചവര്‍ക്ക് ഓഫര്‍ ലെറ്റര്‍ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
‘ലോകത്ത് എവിടെയായാലും ഒരിടത്തും പിന്തള്ളപ്പെട്ടു പോകാത്ത തലമുറയെ രൂപപ്പെടുത്തിയെടുക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. അന്താരാഷ്ട്ര തൊഴില്‍ കമ്‌ബോളത്തിലേക്കു നമ്മുടെ തൊഴില്‍ ശക്തി നല്ല രീതിയില്‍ സംഭാവനചെയ്യാന്‍ കഴിയണം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ അഴിച്ചുപണിക്കു സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്. തൊഴിലില്ലായ്മ ഗൗരവമായ പ്രശ്നമാണ്. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി 20 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമൂഹിക കാഴ്ചപ്പാടിലധിഷ്ഠിതമായ സഹകരണത്തിലൂടെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാകൂ. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തവും അതീവ ഗൗരവമായി കാണണം. സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്. എന്നാല്‍ തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം കുറഞ്ഞുവരുന്നു. ഇത് അഭികാമ്യമല്ല. ഈ കുറവ് സംഭവിക്കുന്നതിനു പിന്നില്‍ സാമൂഹിക, സാമ്ബത്തിക കാരണങ്ങളുണ്ട്. അവ കണ്ടെത്തി തരണംചെയ്താല്‍ മാത്രമേ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാകൂ. സര്‍ക്കാര്‍ ഇതിനായി വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതിനൊപ്പം സമൂഹത്തില്‍ ബോധവത്കരണവും ആവശ്യമാണ്. അതു കുടുംബത്തില്‍നിന്നുതന്നെ ആരംഭിക്കണം. കുടുംബത്തില്‍ സ്ത്രീകളോടുള്ള സമീപനം എങ്ങനെയെന്നതിനെഅടിസ്ഥാനമാക്കിയാണു സമൂഹത്തിന്റെ സ്ത്രീകളോടുള്ള സമീപനം രൂപപ്പെടുന്നത്.
‘തൊഴിലരങ്ങത്തേക്ക്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 26,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കാനായിട്ടുണ്ട്. അടുത്ത ഘട്ടമായി 40 വയസില്‍ താഴെ പ്രായമുള്ള തൊഴിലന്വേഷകരായ മുഴുവന്‍ സ്ത്രീകളേയും ഇതിന്റെ ഭാഗമാക്കും. അവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെ സേവനം ഇതിനു പ്രയോജനപ്പെടുത്തും. 16 ലക്ഷം അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റ്റര്‍ചെയ്തു തൊഴിലിനു കാത്തുനില്‍ക്കുകയാണ്. ഇവരുടെ സേവനം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ആശയത്തില്‍നിന്നാണു ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം രൂപപ്പെടുന്നത്. അവരുടെ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അതിനനുസരിച്ചുള്ള ജോലി തുടങ്ങിയവ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ മേഖലയുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സഹായങ്ങള്‍ തൊഴിലന്വേഷകരിലേക്കു നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ എല്ലാ വകുപ്പുകളേയും യോജിപ്പിച്ചു തൊഴില്‍ സഭകള്‍ രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊഴില്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ തേടുന്നവര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവര്‍, നൈപുണ്യ വികസനം ആവശ്യമുള്ളവര്‍ തുടങ്ങിയവരെയെല്ലാം തൊഴില്‍ സഭകള്‍വഴി യോജിപ്പിക്കും. തൊഴില്‍ സഭകള്‍ വഴി ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതാതു പ്രദേശങ്ങളിലുള്ള തൊഴില്‍ സംരംഭങ്ങളുമായി ബന്ധിപ്പിക്കും. കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പുറത്തുമുള്ള തൊഴില്‍ദാതാക്കളുമായി അവരെ ബന്ധിപ്പിക്കും. കോവിഡിനു ശേഷം പുതിയ തൊഴില്‍ സംസ്‌കാരം ലോകത്താകെ ഉയര്‍ന്നുവന്നിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലെയുള്ളവ അതില്‍ പ്രധാനപ്പെട്ടതാണ്. വീട്ടില്‍നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടു ചിലര്‍ ജോലിക്കു പോകാന്‍ മടിക്കുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലുള്ള തൊഴില്‍ രീതികളിലൂടെ ഈ കടമ്ബ മറികടക്കാനാകും. ഇതിന് ഉതകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലോ സൗജന്യമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുകയാണ്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം വര്‍ക്ക് സീറ്റുകള്‍ സംസ്ഥാനത്തു സൃഷ്ടിക്കും. 1000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ ഇതിനായി 50 കോടി രൂപ ഇതിനോടകം മാറ്റിവച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഉപാധിയായിക്കൂടി ഇതിനെ മാറ്റിയെടുക്കണം.’

