കശ്മീരിനും കര്‍ണാടകക്കും പിന്നാലെ ഒഡീഷയിലും ലിഥിയം സ്വര്‍ണ്ണം നിക്ഷേപങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനത്തിനൊരുങ്ങുകയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജമ്മുകശ്മീരിലെ റെസായി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്താണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഇക്കാലത്ത് ലിഥിയം അയേണ്‍ബാറ്ററി വളരെ പ്രധാനമാണ്. ഇതിലേക്ക് ഉപയോഗിക്കപ്പെടുന്ന ലിഥിയത്തിന് പൊള്ളുന്ന വിലയാണ്. ടെസ്ലയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ദൗത്യത്തിന് ഈ ലിഥിയം ശേഖരവും കരുത്താകും. 2070 അന്തരീക്ഷമലിനീകരണം നെറ്റ് സീറോ ആക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇന്ത്യ വൈദ്യുതിവാഹന നിര്‍മ്മാണത്തില്‍ വന്‍കുതിപ്പിനൊരുങ്ങുന്നതിനിടയില്‍ ഈ ലിഥിയം നിക്ഷേപം വലിയ ഊര്‍ജ്ജമാണ്. കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം നിക്ഷേപം കണ്ടെത്തിയതായി പറയുന്നു. ഏകദേശം 1600 ടണ്ണോളം ലിഥിയം നിക്ഷേപം കര്‍ണ്ണാകടയിലെ മാണ്ഡ്യയിലെ അല്ലപട്‌ന പ്രദേശത്തുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഒഡീഷയിലെ മൂന്ന് ജില്ലകളില്‍ കൂടി വന്‍തോതില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പുതിയ സര്‍വ്വെ അനുസരിച്ച് ദിയോഗര്‍ഗ്, കിയോഞ്ജര്‍, മയൂര്‍ഭഞ്ജ് ജില്ലകളിലെ സ്വര്ണ്ണനിക്ഷേപവും ഒപ്പം ചെമ്ബും കണ്ടെത്തിയത്. രാജ്യത്തെ സ്വര്‍ണ ഉപഭോഗം ഏകദേശം 774 ടണ്‍ ആണ്. എന്നാല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിവര്‍ഷം ഖനനം ചെയ്തെടുക്കുന്ന സ്വര്‍ണം കേവലം 16 ടണ്‍ ആണ്. ഇത് ഇന്ത്യയുടെ ഉപഭോഗത്തിന് അടുത്തെത്തുന്നില്ല എന്നതിനാല്‍ കൂടുതല്‍ സ്വര്‍ണഖനികള്‍ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.