ബ്രഹ്മപുരം വിഷയം: യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം വിഷയത്തില്‍ സ്വമേധയാ കേസെടുത്തത് പൗരന്മാരുടെ അവകാശസംരക്ഷകര്‍ എന്ന നിലയിലെന്ന് ഹൈക്കോടതി. മാലിന്യമുക്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി വ്യക്തമാക്കി.

ശാശ്വത പരിഹാരമാണ് വേണ്ടത്. മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനം വേണം, ഉറവിടങ്ങളില്‍ തന്നെ മാലിന്യം വേര്‍തിരിക്കണം. മാലിന്യം പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണം. ഏറെ പേജുള്ള റിപ്പോര്‍ട്ടുമായി വരേണ്ട. പകരം എങ്ങനെ നടപ്പാക്കാമെന്ന് കൃത്യമായി പറഞ്ഞാല്‍ മതി. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുമെന്ന് സര്‍ക്കാര്‍ അറിയിച്ചതില്‍ മറുപടി പറയുകയായിരുന്നു കോടതി.

അതേസമയം, ഹൈക്കോടതി നിര്‍ദ്ദ്േശ പ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നേരിട്ട് കോടതിയില്‍ ഹാജരായി.