പാര്‍ട്ടി അണികളിലും ലഹരി മരുന്നു ഉപയോഗം വര്‍ധിക്കുന്നു; തിരുത്തല്‍ രേഖയുമായി സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ലഹരി മരുന്നു ഉപയോഗം വര്‍ധിക്കുമ്‌ബോള്‍ പാര്‍ട്ടി അണികളില്‍ പലരും അതിന് അടിമകളാകുന്നുവെന്ന് സിപിഎം തിരുത്തല്‍ രേഖ.

‘ലഹരിക്കെതിരായി വിപുലമായ ജനകീയപ്രചാരണമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അതിന്റെ അടിസ്ഥാനത്തില്‍ ലഹരിവിരുദ്ധ കാമ്ബയിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരുവിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന സ്ഥിതിയാണ്. വര്‍ഗബഹുജന സംഘടനകളുടെ ജില്ലാതലത്തിലുള്ള ചില പ്രവര്‍ത്തകര്‍പോലും ഇത്തരം തെറ്റായ ശീലങ്ങള്‍ക്ക് അടിമപ്പെടുകയാണ്. വിദ്യാര്‍ത്ഥി-യുവജന പ്രവര്‍ത്തകര്‍ മാതൃകാപരമായ പൊതുപ്രവര്‍ത്തകരാകാന്‍ പ്രത്യേക ശ്രദ്ധയും കരുതലും കാണിക്കണം. കായികമേഖലയിലെ ഇടപെടലില്‍ യുവാക്കളെ കൂടെ നിര്‍ത്തണമെങ്കില്‍ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കണം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം കായികതാരങ്ങള്‍ക്ക് യോഗ്യത അനുസരിച്ച് അവസരം ലഭ്യമാക്കുന്നതാകണം. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപവ്തകരിച്ച നവോത്ഥാന സംഘടനകള്‍ ബദല്‍ സംഘമായി മാറുന്നു. സമിതി പ്രസിഡന്റ് സ്ഥാനം രാജിവെച്ച പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ‘പ്രതിധ്വനി’ എന്നപേരില്‍ കൂട്ടായ്മയുണ്ടാക്കിയത്. പ്രതിധ്വനിയുടെ നീക്കം ജാഗ്രതയോടെ കാണണം. സാമൂഹിക അവശതകള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രദ്ധിക്കണം’ പാര്‍ട്ടി തിരുത്തല്‍ രേഖയില്‍ നിര്‍ദ്ദേശിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ലഹരികടത്തുമായി പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്കടക്കം ബന്ധമുണ്ടെന്ന വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ സ്വയം വിലയിരുത്തല്‍.