തിരുവനന്തപുരം: എറണാകുളം കളക്ടർ രേണുരാജിന് സ്ഥലംമാറ്റം. ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് കളക്ടർക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ജോലി ചെയ്യുന്ന എൻ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. രേണുരാജ് വയനാട് കളക്ടറാകും. വയനാട് കളക്ടറായിരുന്ന എ. ഗീതയെ കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്.
തൃശൂർ കലക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജയെ തൃശൂർ കളക്ടറായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി ഐ ടി മിഷൻ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിന് നിയമനം നൽകി.
തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരിയ്ക്ക് ഐ.ടി മിഷന്റെ അധിക ചുമതല നൽകി. ജില്ല വികസന കമ്മീഷണറുടെ അധിക ചുമതലയിൽ നിന്നും അനു കുമാരിയെ ഒഴിവാക്കുകയും ചെയ്തു. ജില്ല വികസന കമ്മീഷണറുടെ അധിക ചുമതല തിരുവനന്തപുരം സബ് കളക്ടറായ അശ്വതി ശ്രീനിവാസിന് നൽകി. ധനകാര്യ വകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയ മുഹമ്മദ് വൈ സഫിറുള്ളയ്ക്കാണ് ഇ ഹെൽത്തിന്റെ പ്രോജക്റ്റ് ഡയറ്കടറുടെ അധിക ചുമതല നൽകിയിട്ടുള്ളത്.

