സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 41 പൈസയുടെ വര്‍ധന വേണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഈ നിരക്ക് വര്‍ധനയിലൂടെ 1044 കോടി രൂപ ലഭിക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷം 2939 കോടി രൂപയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച ബോര്‍ഡിന്റെ റവന്യൂ കമ്മി. അതിനാല്‍ ബോര്‍ഡിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിക്കുമെന്നാണ് വിവരം. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും. 50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ 3.15 രൂപയാണ് യൂണിറ്റിന് നിലവില്‍ നല്‍കേണ്ടത്.

100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 3.95 രൂപ നല്‍കണം. ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം ഇതു 4.36 രൂപയായി ഉയരും. എന്നാല്‍, താരിഫ് പരിഷ്‌കരണ ശുപാര്‍ശ അംഗീകരിച്ചില്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പയെടുക്കേണ്ടി വരുമെന്നാണ് ബോര്‍ഡ് സൂചിപ്പിക്കുന്നത്.