ഇ പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നു; മുഖ്യമന്ത്രിയെ പോലെ പോലീസുകാർക്ക് ഇടയിലേക്ക് ഓടി ഒളിക്കില്ലെന്ന് വി ഡി സതീശൻ

കോട്ടയം: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന എൽഡിഎഫ് കൺവീനറുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ തടയാം. താൻ മുഖ്യമന്ത്രിയെ പോലെ പോലീസുകാർക്ക് ഇടയിലേക്ക് ഓടി ഒളിക്കില്ല. ഒരു പോലീസ്‌കാരന്റെ അകമ്പടി പോലും ഇല്ലാതെ തിരുവനന്തപുരം മുതൽ കാസർകോട് വരെ താൻ സഞ്ചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല, കൂടുതൽ കുഴപ്പങ്ങളിലേക്കു തള്ളിവിടാനാണ് അജ്ഞാതവാസത്തിനു ശേഷമുള്ള എൽഡിഎഫ് കൺവീനറുടെ വരവ്. ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആരും പറയാൻ പാടില്ലാത്ത വാക്കുകൾ ഏഷ്യാനെറ്റ് റിപ്പോർട്ടറെ കുറിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി. ജയരാജൻ പറഞ്ഞത്. മാധ്യമ പ്രവർത്തകന്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണു ജയരാജന്റെ രണ്ടാമത്തെ വാചകം. അതു നിയമസഭയിൽപോലും പറയാൻ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്. അധികാരത്തിന്റെ ദുർവിനിയോഗമാണ് എല്ലായിടത്തും നടക്കുന്നത്. പാർട്ടിയുടെ എല്ലാ പോഷക സംഘടനകൾക്കും എന്തു തോന്ന്യവാസവും കാണിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.