ലൈഫ് മിഷന്‍ കോഴക്കേസ്: കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് സി.എം രവീന്ദ്രന്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍. എന്നാല്‍, ഇടപാടുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് മിഷന്‍ സി.ഇ.ഒയായിരുന്ന യു.വി. ജോസുമാണ് ചര്‍ച്ചകളും ഇടപാടുകളും നടത്തിയതെന്നും രവീന്ദ്രന്‍ മൊഴി നല്‍കി. കോഴ ഉള്‍പ്പെടെ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി.

വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒയായിരുന്ന യു. വി ജോസിന് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്ത് കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍. 2019 ജൂലായില്‍ നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ സ്ഥലത്ത് റെഡ് ക്രെസന്റ് നിര്‍മാണം നടത്തുമെന്നും ധാരണാപത്രം നടപ്പാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ട കാലത്ത് ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലും സ്വപ്നയും രവീന്ദ്രനും തമ്മില്‍ നടത്തിയ ചാറ്റുകളെ കുറിച്ചും ചോദ്യങ്ങളുണ്ടായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് യു.എ.ഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.5 കോടി കോഴയായി നല്‍കിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.