സ്വാഭാവിക നീതിയുടെ ലംഘനം; മനീഷ് സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മദ്യനയ കേസിൽ എഎപി നേതാവ് മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിസോദിയയുടെ അറസ്റ്റിനെ അപലപിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പിണറായിയ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നന്ദി അറിയിച്ചു.

അതേസമയം, മദ്യനയ കേസിൽ ഒരു മലയാളികൂടി അറസ്റ്റിലായി. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെയാണ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ ഇഡി തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തു. അരുണിനെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു.

അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാൽ കോടി രൂപ വിലമതിക്കുന്ന ഭൂമി അധികൃതർ കണ്ടുകെട്ടുകയും ചെയ്തിരുന്നു. സൗത്ത് ബിസിനസ് ഗ്രൂപ്പിലെ പ്രധാനിയാണ് ഇയാൾ. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. സിബിഐ കേസിൽ പതിനാലാം പ്രതിയാണ് അരുൺ.