രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യത്തെ അപമാനിക്കുന്നതെന്ന് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ യുഎസും യൂറോപ്പും ഇടപെടണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യത്തെ അപമാനിക്കുന്നതെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും പാര്‍ലമെന്റിനെയും രാഷ്ട്രീയ സംവിധാനത്തെയും ജുഡീഷ്യല്‍ സംവിധാനത്തെയും നാണംകെടുത്തുകയാണു രാഹുല്‍ ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അമേരിക്കയും യൂറോപ്പും ഇടപെടണമെന്ന രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദപരമായ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും ഖര്‍ഗെയും അവരുടെ നിലപാടുകള്‍ വ്യക്തമാക്കണം. അവര്‍ രാഹുലിന്റെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുണ്ടോ. ഇല്ലെങ്കില്‍ തള്ളിപ്പറയണം’- അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ‘യുഎസിനും യൂറോപ്പിനും വിപണിയും പണവും ലഭിക്കുന്നതിനാല്‍ ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ അവര്‍ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ‘ആര്‍എസ്എസ് മൗലികവാദ-ഫാഷിസ്റ്റ് സംഘടനയാണ്. രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണമായും മാറി. അതിന്റെ കാരണം ആര്‍എസ്എസ് എന്നു പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാഷിസവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കയ്യടക്കി. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കും’- എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍, രാഹുല്‍ ഗാന്ധിയെ മാവോയിസ്റ്റ് ചിന്ത ബാധിച്ചിരിക്കുകയാണെന്ന് രവി ശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു.