ന്യൂഡൽഹി: ട്രെയിനിലെ രാത്രിയാത്രകൾക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ് റെയിൽവേ വ്യക്തമാക്കിയിട്ടുള്ളത്. രാത്രി 10 മണിയ്ക്ക് ശേഷം യാത്രക്കാർ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് കേൾക്കാനോ, ലൈറ്റുകൾ തെളിക്കാനോ പാടില്ലെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് രാത്രിയിൽ ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേൾക്കാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.
രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാൻ ടി.ടി.ഇക്ക് വരാൻ കഴിയില്ല. കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് രാത്രി 10 മണിക്ക് ശേഷം പരസ്പരം ഉച്ചത്തിൽ ആശയവിനിമയം നടത്താൻ പാടില്ല. 10നു ശേഷം മധ്യ ബെർത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാൻ ലോവർ ബെർത്തുകാരൻ അനുവദിക്കേണ്ടതാണ്. ട്രെയിൻ സർവ്വീസുകളിൽ ഓൺലൈൻ ഭക്ഷണം രാത്രി 10ന് ശേഷം നൽകാനാകില്ല. എന്നിരുന്നാലും, ഇ-കാറ്ററിങ് സേവനങ്ങൾ ഉപയോഗിച്ച് രാത്രിയിൽ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകൾ ഓൺ ആക്കാൻ പാടില്ലെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
പുകവലി, മദ്യപാനം, തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, കത്തുന്ന വസ്തുക്കളെ കൊണ്ടുപോകുന്നതും റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.

