കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല; മുന്നറിയിപ്പുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധത്തിലാണ് അദ്ദേഹം യൂത്ത് കോൺഗ്രസുകാർക്ക് മുന്നറിയിപ്പ് നൽകിയത്. കരിങ്കൊടി പ്രതിഷേധം തുടർന്നാൽ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെ പ്രോത്സാഹിപ്പിച്ചാൽ വി ഡി സതീശന് വീട്ടിൽ ഇരിക്കേണ്ടിവരും. കരിങ്കൊടി സംഘക്കാരെ പ്രോത്സാഹിപ്പിച്ച് അക്രമത്തിനു പോവുകയാണെങ്കിൽ സ്ഥിതി മോശമാകും. തനിക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവും ആലോചിക്കുന്നത് നല്ലതാണെന്നും ഇ പി ജയരാജൻ മുന്നറിയിപ്പ് നൽകി.

അതേസമയം, നെയ്യാറ്റിൻകരയിലും പാറശാലയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഋഷി എസ്. കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.