ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് തിരുവല്ലയില്‍ പതിമൂന്നുകാരി മരിച്ചു

തിരുവല്ല: ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് തിരുവല്ലയില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരണത്തിന് കീഴടങ്ങി. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്.

മാര്‍ച്ച് ഒന്നിന് വൈകുന്നേരമാണ് വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെ അംജിതയെ ഈച്ച പോലുള്ള പ്രാണി കഴുത്തിന് പിന്നിലായി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയിരുന്നു. തിരുവല്ല എംജിഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംജിത.

തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം.