കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ മാലിന്യപ്പുക പടര്‍ന്ന സംഭവത്തില്‍ ഇടപെടലാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും, ഇത് പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് കത്തിലെ ആവശ്യം.
അതേസമയം, പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നത് കാരണം ബ്രഹ്മപുരത്തെ തീ അഞ്ചാം ദിവസവും പൂര്‍ണ്ണമായി കെടുത്താന്‍ അഗ്നിരക്ഷാ സേനക്ക് കഴിഞ്ഞിട്ടില്ല. 27ല്‍ അധികം ഫയര്‍ യൂണിറ്റുകള്‍ 5 ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീ മാത്രമാണ് അണക്കാനായത്. കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കില്‍ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂവെന്ന് ഫയര്‍ ഫോഴ്സ് വ്യക്തമാക്കി.
പാലാരിവട്ടം, കലൂര്‍ വൈറ്റിലയും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും ഇന്ന് പുക വ്യാപിച്ചു. എന്നാല്‍, കോര്പ്പറേഷന്, നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇത് എവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. മാലിന്യം താല്കാലികമായി നിക്ഷേപിക്കാന്‍ കോര്പ്പറേഷന് ചില സ്ഥലങ്ങള്‍ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

