ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ബലൂചിസ്ഥാനിലെ സൈബി മേഖലയിലാണ് ചാവേർ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
മേഖലയിലെത്തിയ ചാവേർ ബോംബർ ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ കിഴക്കുള്ള സൈബി നഗരത്തിലാണ് ആക്രമണം നടന്നതെന്ന് വക്താവ് മെഹ്മൂദ് ഖാൻ വ്യക്തമാക്കി. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നാണ് ആശുപത്രി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പാകിസ്ഥാന്റെ വിവിധ നഗരങ്ങളിൽ പൊലീസിനെതിരെ ഭീകരാക്രമങ്ങൾ നടന്നിരുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു

