ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ല; മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുന്നത് അയാള്‍ ചെയ്യുന്ന തൊഴില്‍ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെല്ലാമാകാമെന്ന് നിയതമായ കാര്യങ്ങളുണ്ട്. ഏഷ്യാനെറ്റിലെ പൊലീസ് നടപടിയെ ബി.ബി.സി നടപടിയുമായി താരതമ്യം ചെയ്യേണ്ട. വ്യാജ വിഡിയോ നിര്‍മ്മാണം ഏതെങ്കിലും സര്‍ക്കാറിനോ ഭരണാധികാരിക്കോ എതിരായ തുറന്നുകാട്ടലല്ല. അതിനാല്‍ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപ്പോവില്ല. വ്യാജ വാര്‍ത്ത ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് വാദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണ്. ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിര്‍മ്മിച്ച് പുനഃസംപ്രേഷണം ചെയ്തതായി പരാതിയുണ്ട്. പി വി അന്‍വറിന്റെ പരാതിയും ലഭിച്ചു. ഇതില്‍ അന്വേഷണം നടക്കുന്നു. ചാനല്‍ ഓഫീസില്‍ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ഒരാളെ കൊലപ്പെടുത്തിയിട്ട് അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തുമാകാമോ? ബിബിസിക്കെതിരായ നടപടിയുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അത് ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിന്റെ ഭാഗമായുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഇവിടെ ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്ക് എതിരെയുള്ള ഒന്നും തുറന്നു കാട്ടാനല്ല, അധികാരത്തിലുള്ള ആര്‍ക്കും അതില്‍ വിരോധമില്ല. ഗവണ്‍മെന്റിന് എതിരായ വാര്‍ത്തയല്ല. പൗര ജനങ്ങളെ മാധ്യമപ്രവര്‍ത്തകരെന്നും അല്ലാത്തവരെന്നും രണ്ടായി ഭരണഘടന വേര്‍തിരിച്ചു കാണുന്നില്ല. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകും. ഈ സര്‍ക്കാരിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ ഈ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുണ്ട്. അതിനെതിരെ ഒന്നും ഒരു പകപോക്കലും ഉണ്ടായിട്ടില്ല. അതുപോലെയല്ല ഇത്. ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്ക് ആ പേര് ഇന്നത്തെ കാലത്ത് ഉച്ചരിക്കാന്‍ പോലും അവകാശമില്ല പെണ്‍കുട്ടികളെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. ചാനല്‍ ഓഫീസിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ നിയമനടപടി ഉണ്ടാകും. മാധ്യമ സ്വാതന്ത്ര്യം വായനക്കാരനും സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അത് സര്‍ക്കാര്‍ പരിരക്ഷിക്കും. ഞങ്ങള്‍ എന്നും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുണ്ട്. ദേശാഭിമാനി റിപ്പോര്‍ട്ടരെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഇറക്കി വിട്ടിട്ട് പ്രതിഷേധവും കണ്ടില്ല. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രത്യേക മാധ്യമങ്ങളുടെ മാത്രം യോഗം വിളിച്ചു. എവിടെയോ എന്തോ ഇരട്ടത്താപ്പ് ഉണ്ട്.’