ബ്രഹ്മപുരം തീപിടുത്തം: അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ച് ഉമ തോമസ്

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ച് ഉമ തോമസ് എംഎൽഎ. എറണാകുളത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവന്റെ പ്രശ്‌നമായിട്ടും സംസ്ഥാന സർക്കാരും കോർപറേഷനും ഈ ഗുരുതര സാഹചര്യം നേരിടുന്നതിൽ പൂർണ്ണ പരാജയമാണെന്ന് ഉമ തോമസ് വ്യക്തമാക്കി.

നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് (2005) പ്രകാരം ഡിസാസ്റ്റർ മാനേജ്‌മെന്റ് റെസ്‌പോൺസ് ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുവെയ്ക്കുന്നു. കടമ്പ്രയാറിലേയ്ക്ക് മാലിന്യം കലർന്ന ജലം ഒഴുകി മലിനപ്പെടുന്നതും ഉമ തോമ,് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരത്ത് നിരീക്ഷണ സമിതി രൂപീകരിച്ചിരിക്കുകയാണ് ഹൈക്കോടതി. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ്, എൻവയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നാളെ മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണമെന്നും കോടതി നിർദ്ദേശിച്ചു.