ആലപ്പുഴ: പാണാവള്ളിയിൽ അനധികൃതമായി നിർമിച്ച കാപികോ റിസോർട്ട് പരിസ്ഥിതി അനുമതിയില്ലാതെ പൊളിക്കുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മത്സ്യത്തൊഴിലാളികൾ. ശാസ്ത്രീയ, പാരിസ്ഥിതിക പഠനമില്ലാതെ റിസോർട്ട് പൊളിക്കുന്നത് വേമ്പനാട്ടുകായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളികൾ സുപ്രീം കോടതിയെ സമീപിച്ചത്.
അനധികൃതമായി നിർമിച്ച റിസോർട്ട് പൊളിക്കുന്നതിനെതിരല്ലെന്നും എന്നാൽ ഒരു നിയന്ത്രണവുമില്ലാതെ നടത്തുന്ന പൊളിക്കൽ നടപടികൾ വേമ്പനാട്ടുകായലിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സുനിത, അജിത തുടങ്ങിയവരാണ് ഹർജി നൽകിയത്. ഹോളി അവധിയ്ക്ക് ശേഷമായിരിക്കും കോടതി ഹർജി പരിഗണിക്കുക.
അതേസമയം, കാപികോ റിസോർട്ട് മാർച്ച് 28-ന് മുൻപ് പൂർണമായി പൊളിച്ചുനീക്കണമെന്നായിരുന്നു സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നൽകിയിരുന്ന നിർദ്ദേശം. കാപികോ റിസോർട്ടിലെ 54 കോട്ടേജുകളിൽ 34 എണ്ണം പൂർണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് 25-നകം ഇരുപത് കോട്ടേജുകൾ കൂടി പൂർണമായി പൊളിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

