തിരുവനന്തപുരം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെ സഭയിൽ നടത്തിയ പരാമർശങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പറഞ്ഞതെല്ലാം ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണെന്നും പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ കുറിച്ച് സഭയിൽ പരാമർശിച്ചത് വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ്. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോദ്ധ്യമാണ്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതുമദ്ധ്യത്തിലുള്ള കാര്യങ്ങളാണ് അന്ന് പറഞ്ഞതെന്നും അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണകക്ഷി ശ്രമിച്ചപ്പോഴാണ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് താൻ റഫർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് ഇപ്പോൾ പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയത്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന പരാമർശവും സഭാ രേഖകളിൽ നിന്ന് ഒഴിവാക്കി.

