തിരുവനന്തപുരം: ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാനായി കമ്പനി ഉദ്യോഗസ്ഥർ തന്നെ ഫോണിൽ ബന്ധപ്പെട്ടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് വ്യക്തമാക്കിയാണ് ഇൻഡിഗോ ഉദ്യോഗസ്ഥൻ ഇ പി ജയരാനെ ബന്ധപ്പെട്ടതെന്നാണ് വിവരം. രേഖാമൂലം എഴുതി നൽകിയാൽ പരിഗണിക്കാമെന്ന് ഇ പി ഇതിന് മറുപടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇൻഡിഗോ വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്ചത്തെ ഇൻഡിഗോ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. ഇൻഡിഗോ വിലക്കിനെ രൂക്ഷമായി വിമർശിച്ച ജയരാജൻ, താനോ കുടുംബമോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

