തിരുവന്തപുരം: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

