അമരാവതി: ആന്ധ്രാപ്രദേശിൽ 3000 ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ. എല്ലാ ജില്ലകളിലും ക്ഷേത്രസാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് വിപുലമായ രീതിയിൽ ക്ഷേത്രനിർമാണം ആരംഭിച്ചതായി സർക്കാർ അറിയിച്ചു.
ഹിന്ദു ധർമത്തിന്റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ടാണ് സർക്കാർ ക്ഷേത്രങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ക്ഷേത്ര നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ ക്ഷേത്രനിർമാണം ആരംഭിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ക്ഷേത്രങ്ങളുടെ നിർമിതിക്കായി പത്ത് ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിട്ടുണ്ട്.
1,330 ക്ഷേത്രങ്ങളുടെ നിർമാണം ആരംഭിച്ചു. 1,465 ക്ഷേത്രങ്ങൾ കൂടി നിർമ്മാണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില നിയമസഭാംഗങ്ങളുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമിക്കും. അവശേഷിക്കുന്ന ക്ഷേത്രങ്ങളുടെ നിർമാണം സന്നദ്ധസംഘടനകളുടെ സഹായത്തോടെയായിരിക്കും നടക്കുക. അതേസമയം, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ക്ഷേത്രാചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനുമായി 270 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 238 കോടി രൂപ സർക്കാർ വകയിരുത്തുകയും ചെയ്തു.

