ബിജെപി ത്രിപുര തെരഞ്ഞെടുപ്പിൽ വിജയം നിലനിർത്തിയത് പണത്തിന്റെ സ്വാധീനം ഉപയോഗിച്ച്; ആരോപണവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: ബിജെപി ത്രിപുര തെരഞ്ഞെടുപ്പിൽ വിജയം നിലനിർത്തിയത് പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണെന്ന ആരോപണവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയ്ക്ക് ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ സീറ്റുകൾ കുറവാണ്. 2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വർഷം 33 ആയി കുറഞ്ഞുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ത്രിപുരയിൽ ബിജെപി കനത്ത അക്രമമാണ് അഴിച്ചുവിട്ടിരുന്നത്. അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും തങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.