സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമായി ലോകായുക്ത

സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ശുപാര്‍ശയുമായി ലോകായുക്ത. 2022-ലെ സബ്ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് ബാബു ആര്‍.എസിന് എതിരെയാണ് നടപടിക്ക് ശുപാര്‍ശ.

കലോത്സവത്തില്‍ പങ്കെടുത്ത പട്ടം ഗവ: ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കലോത്സവ നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സംഘാടകര്‍ക്ക് എതിരെ ലോകായുക്തയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

അതേസമയം, ഒപ്പനയില്‍ മത്സരിച്ച പരാതിക്കാരുടെ അപ്പീല്‍ കലോത്സവ മാനുവലില്‍ നിഷ്‌കര്‍ഷിച്ച പ്രകാരമല്ല തീര്‍പ്പാക്കിയതെന്ന് ലോകായുക്ത അന്വഷണത്തില്‍ കണ്ടെത്തി. കലോത്സവങ്ങളിലെ അപ്പീല്‍ തീര്‍പ്പാക്കല്‍ ഉദ്യോഗസ്ഥര്‍ വെറും പ്രഹസനമാക്കി മാറ്റി എന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷന്‍ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷന്‍ 12 പ്രകാരമുള്ള ശുപാര്‍ശ നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോംപീറ്റന്റ് അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.