ബിബിസി റെയ്ഡ്: ഉഭയകക്ഷി ചര്‍ച്ചയില്‍ വിഷയം ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: മുംബൈ, ഡല്‍ഹി ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി എത്തിയതായിരുന്നു ജെയിംസ് ക്ലവര്‍ലി. എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഇന്ത്യ മറുപടി നല്‍കി.

അതേസമയം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ന്യൂഡല്‍ഹിയിലേയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പരിശോധന നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് റെയ്‌ഡെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വിഷയം ഉന്നയിച്ചത്.

58 മണിക്കൂര്‍ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിബിസി ഗ്രൂപ്പില്‍പ്പെട്ട പല കമ്ബനികളുടെയും കണക്കില്‍ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവര്‍ത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണു പ്രധാന കണ്ടെത്തല്‍.