റിയാദ്: ഇന്ത്യൻ വ്യോമ സേനയുടെ എട്ട് യുദ്ധ വിമാനങ്ങൾ സൗദി അറേബ്യയിൽ എത്തി. 145 വ്യോമ സൈനികരും അഞ്ച് മിറാഷ് വിമാനങ്ങൾ, രണ്ട് സി 17 വിമാനങ്ങൾ, ഒരു ഐ.എൽ 78 ടാങ്കർ എന്നിവയാണ് റോയൽ സൗദി എയർ ഫോഴ്‌സ് റിയാദ് ബേസിൽ ഇറങ്ങിയത്. ഒരു ദിവസം സൈനിക വ്യൂഹം ഇവിടെ തങ്ങി.
റോയൽ സൗദി എയർഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ഡിഫൻസ് അറ്റാഷെ കേണൽ ജി.എസ്. ഗ്രെവാളും മറ്റ് എംബസി ഉദ്യോഗസ്ഥരും ചേർന്ന് സൈനിക വ്യൂഹത്തിന് സ്വീകരണം നൽകി. പിറ്റേ ദിവസം സംഘം നടക്കാനിരിക്കുന്ന കോബ്ര വാരിയേഴ്‌സ് 23 സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടനിലേക്ക് പുറപ്പെട്ടു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെ സുഹൈൽ അജാസ് ഖാൻ ഉയർത്തിക്കാട്ടി.
ഇന്ത്യയും സൗദിയും തമ്മിൽ ഏറ്റവും നല്ല നയതന്ത്ര ബന്ധമാണുള്ളതെന്നും സൈനിക നയതന്ത്ര രംഗത്തെ ഉറച്ച ബന്ധത്തിന് സൈനികർ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ത്യൻ വ്യോമ സേന കമാൻഡറും റോയൽ സൗദി എയർ ഫോഴ്‌സ് ബേസ് കമാൻഡറും അംബാസഡറും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. കോബ്ര വാരിയർ 23 സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന എല്ലാ സൈനികർക്കും സൗദി ബേസ് കമാൻഡർ ആശംസകൾ അറിയിച്ചു.

