തിരുവനന്തപുരം: അന്തർ സംസ്ഥാന ചരക്ക് സേവന നികുതി പിരിക്കലിലെ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ എഎൻ ഷംസീർ. ബജറ്റിന്റെ ഭാഗമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും പുതിയ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ഐജിഎസ്ടി വിഷയത്തിൽ റോജി എം ജോൺ ആണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയത്. എന്നാൽ ഇത് അടിയന്തര പ്രധാന്യമുള്ള വിഷയമല്ലെന്നും രാഷ്ട്രീയമായ കാരണം മാത്രമാണ് ഇക്കാര്യം ഉന്നയിക്കുന്നതിന് പിന്നിലുള്ളതെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് തള്ളുകയായിരുന്നു.
അതേസമയം, വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. നിയമസഭയിൽ സർക്കാർ സ്പീക്കറെ ഭയപ്പെടുത്തുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാത്തതിന് കാരണം ഇതാണെന്നും പ്രതിപക്ഷം പറഞ്ഞു. മുണ്ടുടുത്ത മോദിയുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു.
സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ സാമ്പത്തിക, ധന പ്രശ്നങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നത്. ഇതിൽ ചർച്ചയില്ലാത്തത് എന്തുകൊണ്ടാണെന്നത് വിസ്മയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

