തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു. എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നു. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്തു വന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ശിവശങ്കർ സ്വപ്‌നയുമായി നടത്തിയ ചാറ്റിൽ പറയുന്നുണ്ട്.
നോർക്ക സിഇഒ ഉൾപ്പെടെയുള്ളവർ നിയമനത്തിന് സമ്മതിച്ചെന്നും ചാറ്റിൽ വ്യക്തമാക്കുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണം തെളിയിക്കുന്നതാണ് പുതിയ തെളിവുകൾ. സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്നും നോർക്കയുടെ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് താൻ നിർദേശിച്ചതായും ശിവശങ്കർ ചാറ്റിൽ സ്വപ്നയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ സ്വപ്‌നയ്ക്ക് ഉറപ്പ് നൽകി.
ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന് സ്വപ്‌ന ആശങ്കപ്പെടുമ്പോൾ യൂസഫലിയെ മുഖ്യമന്ത്രിയ്ക്ക് പേടിയില്ലെന്ന് പറഞ്ഞ് ശിവശങ്കർ സ്വപ്‌നയ്ക്ക് ധൈര്യം പകരുകയാണ്.

